നിയാസ് ഹുസ്സൈൻ ദൽഹിയിലെ ഒരു സർക്കാർ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുമ്പോൾ ഏകാന്തതയകറ്റാൻ അവനു കൂട്ടായി ഒപ്പംനിന്നത് കലയാണ്. രണ്ടു വയസ്സിൽ പോളിയോബാധിച്ച് വൈകല്യം സംഭവിച്ച അവന് കൂട്ടുകാരായി ആരുമുണ്ടായിരുന്നില്ല. സഹപാഠികൾ അവനെ അവഗണിക്കുകയും അവരുടെ കളികളിൽനിന്ന് ഒഴിവാക്കി നിർത്തുകയുംചെയ്തു. അങ്ങനെ അവൻ എന്നുമൊരു പിൻബഞ്ചുകാരനായിത്തീർന്നു. തൻ്റെ അദ്ധ്യാപകരുടെ ഛായാചിത്രങ്ങൾവരച്ച് അവൻ സ്വയം ആനന്ദം കണ്ടെത്തി. അമ്മയാണ് അവനെ എല്ലാക്കാര്യത്തിലും പിന്തുണച്ചത്. "എൻ്റെ കാലംകഴിഞ്ഞാൽ നിൻ്റെ കാര്യങ്ങൾ നീ സ്വയം ചെയ്യേണ്ടിവരും. സ്വന്തംകാലിൽ നില്ക്കാൻപഠിക്കണം" അവർ മകനെ ഉപദേശിച്ചു.
അഞ്ചു മക്കളിൽ ഏറ്റവും മൂത്തവനായിരുന്നതിനാൽ (അവന് മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമാണുള്ളത്) കുടുംബത്തിനു താങ്ങാകേണ്ടത് താനാണെന്ന് അവനു ബോധ്യമുണ്ടായിരുന്നു. സ്കൂൾ വിട്ടുവന്നാൽ അവൻ ഓഖ്ലിയിലെ പച്ചക്കറിച്ചന്തയിൽ ചുമടെടുത്തും പച്ചക്കറിവില്പന നടത്തിയുമാണ് വീട്ടു ചെലവുകൾ നടത്തിയത്. ഒഴിവു കിട്ടുമ്പോളൊക്കെ തൊഴിലാളികളെ മോഡലുകളാക്കിക്കൊണ്ട് അവൻ അവരുടെ ചിത്രങ്ങൾവരച്ചു. അവൻ്റെ സിദ്ധികണ്ടവരൊക്കെ വെറുതെ പച്ചക്കറി വിറ്റുനടന്ന് ഉള്ള കഴിവു പാഴാക്കിക്കളയരുതെന്നും കലാപ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അവനെ ഉപദേശിച്ചു.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നാലു വർഷത്തിനുശേഷം, 2015-ൽ, ജാമിയ മിലിയ യൂണിവേഴ്സിറ്റിയിൽ ഫൈൻ ആർട്സിൽ ബിരുദപഠനത്തിനു ചേരാനുള്ള പ്രവേശന പരീക്ഷയെഴുതാൻ അവൻ നിശ്ചയിച്ചു. മറ്റു കോളജുകൾ ഈടാക്കുന്ന ഫീസിൻ്റെ പകുതിമാത്രമേ ജാമിയ മിലിയ വാങ്ങുന്നുള്ളൂ എന്നതാണ് അവിടം തിരഞ്ഞെടുക്കാൻ കാരണം. പരിശീലന ക്ലാസ്സുകളിൽ ചേരാനുളള ശേഷിയില്ലാതിരുന്നതിനാൽ സ്വയം വിയർപ്പൊഴുക്കി പഠിച്ചാണ് അവൻ പ്രവേശനപ്പരീക്ഷയിൽ വിജയിച്ചത്. നാലുവർഷത്തെ ബിരുദപഠനം തീർത്തും ദുഷ്കരമായിരുന്നു. പഠനാവശ്യത്തിനുള്ള സാമഗ്രികൾ ചെലവേറിയതായിരുന്നതിനാൽ മറ്റുള്ളവരുപയോഗിച്ചുപേക്ഷിച്ച സാമഗ്രികൾ പുനരുപയോഗിച്ചും പെൻസിലിനുപകരം പേനയുപയോഗിച്ചുമാണ് അവൻ പഠനം തുടർന്നത്. കലാമത്സരങ്ങളിലൂടെ നേടിയ സമ്മാനത്തുക അവൻ പഠനത്തിനുപയോഗിച്ചു.
2011-ൽ തുച്ഛമായ വിലയ്ക്ക് ആദ്യത്തെ പെയ്ൻ്റിങ് വിറ്റ നിയാസ് ഇന്ന് അഞ്ഞൂറിൽപ്പരം ചിത്രങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും സ്രഷ്ടാവും പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടുന്ന കലാകാരനുമാണ്. രാത്രി പുലരുവോളം ചിത്രംവരയ്ക്കുന്ന നിയാസ് പകലാണ് തൻ്റെ ഉറക്കനഷ്ടം പരിഹരിക്കുന്നത്. "കലയാണ് എൻ്റെ ജീവിതസഖി", അയാൾ പറയുന്നു. "സൃഷ്ടിയിലേർപ്പെട്ടിരിക്കുമ്പോൾ ഞാനതിൽ അലിഞ്ഞില്ലാതായിത്തീരുന്നു". 2020-ൽ തൻ്റെ കളിക്കൂട്ടുകാരിയായ മീനുവിനെ വിവാഹംചെയ്ത ഈ ഇരുപത്തെട്ടുകാരൻ ജീവിതച്ചെലവിനുള്ള വകകണ്ടെത്താൻ ഏറെ ക്ലേശിക്കുന്നുണ്ട്. പക്ഷേ, പണമുണ്ടാക്കാനായി കലയെ വാണിജ്യവത്കരിക്കാൻ അയാൾ തയ്യാറല്ല. "മാനുഷികവികാരങ്ങളും അവരുടെ ജീവിതകഥയും ആവിഷ്കരിക്കുന്നവയാണ് എൻ്റെ ചിത്രങ്ങൾ", അയാൾ പറയുന്നു. "എനിക്കു വാർദ്ധക്യംബാധിക്കും; പക്ഷേ, എൻ്റെ കലയ്ക്ക് എന്നും നിത്യയൗവ്വനമായിരിക്കും".